മൊബൈൽ ഫോൺ ഉപയോഗിക്കുന്ന എല്ലാവരുടെയും പേടിസ്വപ്നമാണ് വെള്ളം. ചിലപ്പോൾ മഴയത്തോ, ചിലപ്പോൾ വസ്ത്രം അലക്കുമ്പോഴോ, ചിലപ്പോൾ കുട്ടികൾ എടുത്ത് കളിച്ചോ, ചിലപ്പോൾ കുനിയുമ്പോൾ പോക്കറ്റിൽ നിന്നോ, ചിലപ്പോൾ നമ്മുടെ അശ്രദ്ധകൊണ്ടോ ഒക്കെ ഒരിക്കലെങ്കിലും മൊബൈൽ ഫോൺ വെള്ളത്തിൽ വീഴാത്ത ഒരാളും ഇവിടെ കാണില്ല. എന്നാൽ വെള്ളത്തേക്കാൾ നമ്മുടെ അശ്രദ്ധയും, ഒരു പരിധി വരെ അജ്ഞതയുമാണ് വെള്ളത്തിൽ വീണ മൊബൈൽ ഫോൺ തകരാറിലാകുന്നതിന് പ്രധാന കാരണം. അല്പം പ്രഥമശുശ്രൂഷ അറിയുമെങ്കിൽ തീർച്ചയായും നിങ്ങൾക്ക് വെള്ളത്തിൽ വീണ മൊബൈൽ ഫോണിന്റെ ജീവൻ രക്ഷിക്കാൻ സാധിക്കും.
ആദ്യമായി പറയട്ടെ, വെള്ളത്തിൽ വീണാൽ അലിഞ്ഞു പോകുന്നതോ, ദ്രവിക്കുന്നതോ ആയ ഒരു ഭാഗവും ഫോണിൽ ഇല്ല. മറിച്ച് വളരെ വിവിധ ഇലക്ട്രോണിക്സ് ഘടകങ്ങളുടെ അടുത്തടുത്തായി സ്ഥിതിചെയ്യുന്ന കാലുകൾക്കിടയിൽ വെള്ളം നിന്ന് വൈദ്യുതി കടന്ന് പോകുമ്പോൾ ഷോർട്ട്സർക്യൂട്ട് ആകുന്നതാണ് കൂടുതലായും മൊബൈൽ ഫോണിനെ തകരാറിലാക്കുന്നത്. എന്നാൽ വെള്ളം കടന്നു ചെന്നാൽ ഡിസ്പ്ലേയിൽ മങ്ങൾ ബാധിക്കുവാൻ സാധ്യത ഉണ്ടെന്നുള്ളത് സത്യമാണ്. അതായത് നനവ് പൂർണ്ണമായി ഒഴിവാക്കാൻ സാധിക്കുമെങ്കിൽ നിങ്ങളൂടെ ഫോണിന് മിക്കവാറും സന്ദർഭങ്ങളിൽ ഒരു തകരാറും സംഭവിക്കില്ല. ഇതിനായി എന്തെല്ലാം കാര്യങ്ങൾ ചെയ്യണമെന്ന് നമുക്ക് നോക്കാം. ഇത് മൊബൈൽ ഫോണിൽ മാത്രമല്ല, ക്യാമറ, mp3 പ്ലേയർ, ടാബ്ലെറ്റ് എന്നിവയുടെ എല്ലാം കാര്യത്തിൽ ഉപയോഗിക്കാവുന്നതാണ്.1. വെള്ളത്തിൽ വീണ ഫോൺ ഓഫ് ചെയ്യുകയും ബാറ്ററി നീക്കുകയും ചെയ്യുക എന്നുള്ളതാണ് പ്രഥമ ശുശ്രൂഷയുടെ ആദ്യ ഘട്ടം. കാരണം ഫോൺ ഓഫ് ആണെങ്കിൽ പോലും ബാറ്ററി ഉണ്ടെങ്കിൽ പല ഭാഗത്തും വൈദ്യുതിപ്രവാഹം ഉണ്ടാകാൻ സാധ്യതയുണ്ട്. ഇത് ഷോർട്ട് സർക്യൂട്ടിന് കാരണമായേക്കാം. ഇത് എല്ലാവരും ചെയ്യുമെങ്കിലും, അല്പസമയം കഴിയുമ്പോഴേക്കും നമ്മുടെ ഫോണിന് എന്തെങ്കിലും സംഭവിച്ചോ എന്നറിയാനുള്ള ജിജ്ഞാസ കാരണം നമ്മൾ ഒന്ന് പരിശോധിക്കാൻ ശ്രമിക്കും. 3 ദിവസത്തേക്ക് ഈ ആകാംക്ഷ മറികടക്കാൻ കഴിയുമെങ്കിൽ നിങ്ങൾ ആദ്യ ഘട്ടം വിജയകരമായി പൂർത്തിയാക്കി എന്നു കരുതാം.2. അടുത്തതായി ഫോണിന്റെ നിങ്ങൾക്ക് ഊരിയെടുക്കാൻ കഴിയുന്ന എല്ലാ ഭാഗങ്ങളും സിം കാർഡും, മെമ്മറി കാർഡും മറ്റ് ബോഡി ഭാഗങ്ങളും ഊരി സൂക്ഷിച്ച് വയ്ക്കുക. ഇനി ഫോൺ കേടായാൽ തന്നെയും സിം കാർഡിലെയും, മെമ്മറി കാർഡിലെയും വിവരങ്ങൾ എങ്കിലും സംരക്ഷിക്കാൻ ഇത് സഹായിക്കും.3. അടുത്ത ഘട്ടം തീർത്തും നിങ്ങളുടെ ഫോണിന്റെ അവസ്ഥയെ അനുസരിച്ചാണ്. നിങ്ങളുടെ ഫോൺ ഉപ്പുവെള്ളത്തിലോ, ചെളിവെള്ളത്തിലോ, സാമ്പാറിലോ, പായസത്തിലോ ഇനി മറ്റ് എന്തെങ്കിലും തരത്തിൽ രാസവസ്തുക്കളുടെ സാന്നിദ്ധ്യമുള്ള ലായനികളിലോ ആണ് വീണതെങ്കിൽ നല്ലപോലെ വെള്ളം ഉപയോഗിച്ച് കഴുകുക. ഇത്തരം രാസപദാർഥങ്ങളുടെ സാന്നിധ്യം പൂർണ്ണമായും ഇല്ലാതാക്കാൻ ശ്രദ്ധിക്കണം, ഫോണിന്റെ പുറത്തുനിന്നല്ല, അകത്തുനിന്നും ഇവ നീക്ക് ചെയ്യണം. കാരണം ഇവയുടെ സാന്നിധ്യം ഫോണിലെ ലോഹഭാഗങ്ങൾ പെട്ടെന്ന് ദ്രവിക്കുന്നതിനും, അതുവഴി ഇപ്പോൾ തകരാർ ഒന്നും സംഭവിച്ചില്ലെങ്കിലും വളരെ പെട്ടെന്ന് ഇത് തീർത്തും ഉപയോഗശൂന്യമാകുന്നതിനും കാരണമാകും.4. അടുത്തതായി ഫോണിന്റെ ഉള്ളിൽ കടന്ന വെള്ളത്തിനെ പെട്ടെന്ന് നീരാവീകരിച്ച് പുറത്തു കളയുക എന്നുള്ളതാണ്.അതിനായി വേണെമെങ്കിൽ അല്പം ആൽക്കഹോൾ(മദ്യം), ബോഡി സ്പ്രേ എന്നിവ ഉള്ളിലേക്ക് ഒഴിക്കാവുന്നതാണ്. ഇത് വെള്ളം പെട്ടെന്ന് ബാഷ്പീകരിക്കുന്നതിന് സഹായിക്കും. എന്നാൽ വളരെ കുറച്ച് വെള്ളമേ നനഞ്ഞിട്ടുള്ളു എങ്കിൽ ഇതിന്റെ ആവശ്യമില്ല.5. അടുത്തതായി ഫോൺ വെയിലത്ത് വയ്ക്കാവുന്നതാണ്. എന്നാൽ ഇത് യുക്തിസഹമായി ചെയ്യേണ്ടതാണ്. അമിതമായ വെയിൽ ഏൽക്കുന്നത് ഡിസ്പ്ലേ തകരാറിലാകുന്നതിന് കാരണമായേക്കാം. അതിനാൽ ഒരു തുണി വിരിച്ച് അതിൽ ഡിസ്പ്ലേയിൽ നേരിട്ട് വെയിലടിക്കാത്ത രീതിയിൽ വയ്ക്കാൻ ശ്രദ്ധിക്കുക.6. വെയിൽ ഇല്ലാത്ത സമയമാണെങ്കിൽ ശക്തിയായ വായു പ്രവാഹിപ്പിക്കുന്നത് വഴിയും ഉള്ളിലെ വെള്ളം ബാഷ്പീകരിക്കുന്നത് ത്വരിതപ്പെടുത്താവുന്നതാണ്. ഇതിൻ ഫാനിന്റേയോ, വാക്വം ക്ലീനറിന്റെയോ, എയർ കമ്പ്രസ്സറിന്റേയോ സഹായം തേടാവുന്നതാണ്. എന്നാൽ ഹീറ്റർ(ഹെയർ ഡ്രൈയർ) ഉപയോഗിക്കുന്നത് ഫോൺ അമിതമായി ചൂടാകുന്നതിന് കാരണമാകും. ഓർക്കുക ഒന്നോ രണ്ടോ മിനിറ്റ് വായു പ്രവാഹം ഉണ്ടായി എന്നു കരുതി ഒരിക്കലും അതിലെ ജലാംശം പൂർണ്ണമായും പോകില്ല എന്ന് തിരിച്ചറിയുക. വെള്ളം അതേരൂപത്തിൽ അല്ലാതെ പൊടിപടലങ്ങൾ നനഞ്ഞ് ഇരുന്നാലും ഷോർട്ട് സർക്യൂട്ട് ഉണ്ടാകാവുന്നതാണ്.7. അടുത്തതായി ഫോൺ ഉണങ്ങിയ അരിയോ, സിലിക്ക പാക്കറ്റുകളോ ഉള്ള പാത്രത്തിൽ ഒരു ദിവസത്തേക്ക് അടച്ച് വയ്ക്കുക. ഇവ രണ്ടിനും ജലാംശം വലിച്ചെടുക്കാൻ നല്ല കഴിവുണ്ട്. അതുപോലെ തന്നെ അരി എടുക്കുമ്പോൾ ഒരു തുണികൊണ്ട് തുടച്ച് അതിലെ പൊടി നീക്കം ചെയ്യുന്നത് വളരെ നന്നായിരിക്കും.8. ഇത്രയും കഴിഞ്ഞാൽ നമ്മുടെ ഫോണിന്റെ അവസ്ഥ നമുക്ക് പരിശോധിക്കാവുന്നതാണ്. സിം, മെമ്മറി കാർഡ് എന്നിവ ഇടാതെ ബാറ്ററി ഇട്ട് ശ്രദ്ധയോടെ ഫോൺ ഓൺ ചെയ്യുക. ഫോൺ അമിതമായി ചൂടാവുകയോ, LED, ഡിസ്പ്ലേ എന്നിവയുടെ പ്രകാശത്തിൽ എന്തെങ്കിലും വ്യതിയാനമോ ഉണ്ടെങ്കിൽ ഉടനെ തന്നെ ഓഫ് ചെയ്യുകയും, വീണ്ടും ഉണക്കുകയും ചെയ്യുക.പുതുതലമുറ ഫോണുകൾ മിക്കവാറും വെള്ളം നനഞ്ഞാൽ നിറം മാറുന്നതരം വാട്ടർ സ്റ്റിക്കറുമായാണ് വരുന്നത്. അതിനാൽ നിങ്ങളുടെ ഫോൺ വെള്ളത്തിൽ വീഴുന്ന സമയത്തു തന്നെ അതിന്റെ വാറണ്ടി മിക്കവാറും നഷ്ടപെട്ടു കാണും. അതിനാൽ നിങ്ങൾക്ക് എറ്റവും സുരക്ഷിതമായ മാർഗ്ഗം ഈ പറഞ്ഞ പ്രഥമശുശ്രൂഷകൾ നൽകുക എന്നുള്ളതാണ്. അതുപോലെ തന്നെ ഈ പറഞ്ഞ എല്ലാം ചെയ്ത് നിങ്ങളുടെ ഫോണിന്റെ യഥാർത്ഥ അവസ്ത അറിഞ്ഞതിനു ശേഷം മാത്രം ആവശ്യമെങ്കിൽ സർവീസിനു നൽകുക. വെള്ളം വീണു എന്നു പറഞ്ഞു വരുന്ന ഫോൺ ഉടമകളോട് ഒരു കുഴപ്പവും ഇല്ലാത്ത ഭാഗങ്ങൾ കേടായെന്നും അതു മാറ്റിവച്ചെന്നും പറഞ്ഞ് അനാവശ്യമായി പണമീടാക്കുന്ന ദുഷ് പ്രവണത ഒരു ചെറിയ ശതമാനം സർവീസ് സെന്ററുകളിലെങ്കിലും കണ്ടുവരുന്നുണ്ട്
Thursday, January 31, 2013
മൊബൈൽ ഫോൺ വെള്ളത്തിൽ വീണാൽ....
Sunday, January 13, 2013
ആൻഡ്രോയ്ഡിൽ മലയാളം വായിക്കാൻ | Read Malayalam in Android
ആൻഡ്രോയ്ഡിൽ മലയാളം വായിക്കാൻ | Read Malayalam in Android
ഇന്ന് സ്മാർട്ട്ഫോണുകളുടെ കാലമാണല്ലോ. അവർക്കിടയിൽ പ്രമുഖനാണ് ആൻഡ്രോയ്ഡ്. 2011 മൂന്നാം പാദത്തിലെ കണക്കനുസരിച്ച് ഇന്ത്യയിൽ ഏറ്റവുമധികം വിൽക്കപ്പെടുന്ന സ്മാർട്ട്ഫോണായി ആൻഡ്രോയ്ഡ് മാറിക്കഴിഞ്ഞു. എന്നിരുന്നാലും ഇന്ത്യൻ ഭാഷകളിൽ സ്വതേയുള്ള ആൻഡ്രോയ്ഡ് പിന്തുണ തുലോം തുച്ഛമാണ്. എന്നാൽ ഈ പോരായ്മത ചില്ലറ വഴികളിലൂടെ പരിഹരിക്കാവുന്നതാണ്.
ആൻഡ്രോയ്ഡ് ആപ്ലിക്കേഷനുകളെല്ലാം ഏ. പി. കെ. ഫയൽ ഫോർമാറ്റിലുള്ളതാണ്(ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ പാക്കേജ്). കംപ്യൂട്ടറുകളിൽ മലയാളം പിന്തുണയ്ക്കാത്തപ്പോൾ മലയാളം യുണീക്കോഡ് അക്ഷരശൈലി(ഫോണ്ട്) സന്നിവേശിപ്പിച്ച്(ട്രൂറ്റൈപ്പ്- ടി. ടി. എഫ്, ഓപ്പൺടൈപ്പ് - ഓ. ടി. എഫ്.) നമ്മൾ പ്രശ്നം പരിഹരിക്കുന്നത് പോലെ ആൻഡ്രോയ്ഡിലും യുണീക്കോഡ് ഏ. പി. കെ ഫോണ്ട് സന്നിവേശിപ്പിച്ച് ഈ പ്രശ്നം പരിഹരിക്കാവുന്നതാണ്. താഴെ മലയാളം പിന്തുണയ്ക്കുന്ന കുറേ ഏ. പി. കെ. ഫോണ്ടുകൾ ലഭ്യമാക്കിയിട്ടുണ്ട്. ഫ്ലിപ്പ്ഫ്ലോപ്പ് വ്യവസ്ഥയിൽ പ്രവർത്തിക്കുന്ന ഇവ ആൻഡ്രോയ്ഡ് മാർക്കറ്റിൽ നിന്നും നേരിട്ട് ഡൗൺലോഡ് ചെയ്യുകയല്ലാത്തതിനാൽ ആദ്യമേ തന്നെ നോൺ മാർക്കറ്റ് ആപ്ലിക്കേഷനുകൾ ഇനേബിൾ ചെയ്യുക( സെറ്റിങ്ങ്സ് > ആപ്ലിക്കേഷൻസ് >അൺനോൺ സോഴ്സസ് എന്നത് ചെക്ക് ചെയ്യുക)
ഫ്ലിപ്പ്ഫോണ്ട് പിന്തുണയ്ക്കുന്ന എല്ലാ ഡിവൈസുകളിലും ഇത് ഉപയോഗിക്കാവുന്നതാണ്(പ്രധാനമായും സംസങ്ങ് ഗാലക്സി സീരീസ്.) അല്ലാത്ത പക്ഷം ഡിവൈസ് റൂട്ട് ചെയ്യേണ്ടി വന്നേക്കാം. ഫോണ്ട് സന്നിവേശിപ്പിക്കുന്നതിനായി താഴെപ്പറയുന്ന വഴികൾ പിന്തുടരുക.
പടി 1:
താഴെ നൽകിയിരിക്കുന്നതിൽ നിന്നും ഫോണ്ടുകൾ ഡിവൈസിലേക്ക് ഡൗൺലോഡ് ചെയ്യുക. (കമ്പ്യൂട്ടറിൽ ഡൗൺലോഡ് ചെയ്തതിന് ശേഷം എസ്. ഡി. കാർഡിലേക്ക് മാറ്റിയാലും മതിയാകും.)
കൗമദി
പടി 2:
ഡൗൺലോഡ് ലൊക്കേഷനിലെത്തി അവശ്യമായ ഫോണ്ടുകൾ ഡിവൈസിൽ സന്നിവേശിപ്പിക്കുക.
ഇതിനായി ഫോണ്ടുകൾ സെലക്ട് ചെയ്ത് തുടർന്നുള്ള ലളിതമായ സ്റ്റെപ്പുകൾ പിന്തുടർന്നാൽ മതിയാകും
പടി 3:
ആപ്ലിക്കേഷൻ ഇൻസ്റ്റാളായതിനു ശേഷം ഫോണ്ട് സെറ്റിങ്ങ്സ് മെനുവിലെത്തുക. ഇതിനായിസെറ്റിങ്ങ്സ് > ഡിസ്പ്ലൈ > ഫോണ്ട് സ്റ്റൈൽ എന്ന പാത പിന്തൂടരുക.
ഇതുവരെയുള്ള പ്രകൃയകളെല്ലാം കൃത്യമായി നടന്നുവെങ്കിൽ സന്നിവേശിപ്പിച്ച പുതിയ ഫോണ്ട് അവിടെ കാണും.‘ഡീഫോൾട്ട്’ എന്നതിലാവും സ്വതേ സെലക്ഷൻ കിടക്കുന്നത്.ഇത് മാറ്റി പുതിയ ഫോണ്ട് സെലക്ട് ചെയ്ത് ഓ.കെ. നൽകുക.
പടി 5:
ഡിവൈസ് ഒന്ന് റീസ്റ്റാർട്ട് ചെയ്യുക. ഇപ്പോൾ ഡിവൈസിൽ മലയാളം ഫോണ്ടുകളും റെന്റർ ചെയ്യുന്നത് കാണാം.
ഫോണ്ടുകൾ നീക്കം ചെയ്യാൻ: :
സാധാരണ ഒരു ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഡിവൈസിൽ നിന്നും നീക്കം ചെയ്യുന്നതിനു സമാനമായി ഈ ഫോണ്ടുകളും നീക്കം ചെയ്യാവുന്നതാണ്.
ഇതിനായി സെറ്റിങ്ങ്സ് > ആപ്ലിക്കേഷൻ > മാനേജ് ആപ്ലിക്കേഷൻ എന്ന വഴിയിലെത്തി അവശ്യമായ ഫോണ്ട് നീക്കം ചെയ്യാവുന്നതാണ്.
പ്രശ്നങ്ങൾ :
ആൻഡ്രോയ്ഡ് ഫ്രാഗ്മെന്റേഷനെ തുടർന്ന് ചില ഡിവൈസുകളിൽ ചില ഫോണ്ടുകൾ ഓടാറില്ല. അതേ പോലെ ചില ഡിവൈസുകളിൽ കൂട്ടക്ഷരങ്ങൾ അതിന്റെ ബീജാക്ഷരങ്ങളായാവും കാണുക.
പിൻകുറിപ്പ് :
- ആൻഡ്രോയ്ഡ് 2.2 (ഫ്രോയോ) അധിഷ്ഠിതമായി പ്രവർത്തിക്കുന്ന സാംസങ്ങ് GT-S5570 (ഗാലക്സി പോപ്പ്) അടിസ്ഥാനമാക്കിയുള്ള വിവരണവും ചിത്രങ്ങളുമാണ് നൽകിയിരിക്കുന്നത്. ചില ഡിവൈസുകളിൽ ഇതിൽ നിന്നും ചില്ലറ വ്യത്യാസങ്ങൾ കണ്ടേക്കും. അവിടെയെടുക്കേണ്ട തീരുമാനങ്ങൾ നിങ്ങളുടെ മനോധർമ്മത്തിനു വിടുന്നു.
മുകളിൽ തന്നിരിക്കുന്ന ഫോണ്ടുകളിൽ ‘അക്ഷർ യുണീക്കോഡാണ്’ ഞാൻ വ്യക്തിപരമായി ശുപാർശ ചെയ്യുന്നത്. കാരണം, മലയാളത്തിനൊപ്പം ഇംഗ്ലീഷും ഡിസ്പ്ലൈ ചെയ്യണമല്ലോ. അക്ഷർ, ആൻഡ്രോയ്ഡിലെ സ്വതേയുള്ള അക്ഷരശൈലിയുമായി വളരെയധികം സാമ്യം പുലർത്തുന്നു. ഒപ്പം ഒട്ടു മിക്ക ഇൻഡിക് ഭാഷകളേയും പിന്തുണയ്ക്കുന്നുമുണ്ട്.
അക്ഷറിനേക്കാളും മലയാളം കാണാൻ ഭംഗി കൗമദിയിലാണ്