widgeo.net

Sunday, March 10, 2013

കൗശലക്കാരനു പറ്റിയ അമളി

കൗശലക്കാരനു പറ്റിയ അമളിവലിയ കൗശലക്കാരനാണെന്ന് സ്വയം വിശ്വസിച്ചിരുന്ന ഒരാളുടെ കഥയാണിത്. സ്ത്രീകളുടെ എല്ലാ തന്ത്രങ്ങളും തനിക്കറിയാമെന്നും അതിനാല്‍ ഒരു പെണ്ണിനും തന്നെ ചതിക്കാന്‍ കഴിയില്ലെന്നും വീമ്പു പറഞ്ഞു നടന്നിരുന്ന ഒരാളുണ്ടായിരുന്നു.

സുന്ദരിയായ ഒരു സ്ത്രീ അയാളുടെ വീരവാദത്തെക്കുറിച്ച് അറിയാനിടയായി. ഒരു ദിവസം അവള്‍ അയാളെ അത്താഴത്തിനു ക്ഷണിച്ചു. മനോഹരമായലങ്കരിച്ച സല്ക്കാരമുറിയില്‍ വിശേഷപ്പെട്ട പലതരത്തിലുള്ള ഭക്ഷണപാനീയങ്ങള്‍ ഒരുക്കിവെച്ചു. സ്ഥലത്തെ അറിയപ്പെടുന്ന സൗന്ദര്യധാമമായ അവളെ പരിചയപ്പെടാന്‍ കൊതിച്ചുകൊണ്ടിരുന്ന കഥാനായകന്‍ ക്ഷണം സന്തോഷപൂര്‍വം സ്വീകരിച്ചുവെന്ന് പറഞ്ഞാല്‍ മതിയല്ലോ. അവള്‍ ഏറ്റവും വിശേഷപ്പെട്ട വസ്ത്രങ്ങള്‍ ധരിച്ച്, വിലകൂടിയ വാസനത്തൈലം പൂശി, വശ്യമായ പുഞ്ചിരിയോടെ അയാളെ സ്വാഗതം ചെയ്തു. അദ്ഭുതകരമായ അവളുടെ ആകാരഭംഗി ഏതൊരു പുരുഷഹൃദയത്തിലും കോളിളക്കം സൃഷ്ടിക്കാന്‍ പോന്നതായിരുന്നു. ദര്‍ശനമാത്രയില്‍തന്നെ കഥാനായകന്‍ മതിമറന്നു.

എന്നാല്‍ സ്ത്രീയാകട്ടെ, ഏതുനിമിഷവും തന്റെ ഭര്‍ത്താവ് കടന്നുവരുമെന്ന് പ്രതീക്ഷിച്ച് ഭയപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു. ആ ചിന്ത അവളുടെ മുഖം മ്ലാനമാക്കിയിരുന്നു. അന്യപുരുഷന്മാരെ വീടിന്റെ പരിസരപ്രദേശത്ത് കണ്ടാല്‍ പോലും അയാള്‍ ചോരചിന്താന്‍ മടിച്ചിരുന്നില്ല. അങ്ങനെയിരിക്കെ വീട്ടിനുള്ളില്‍വെച്ച് ഒരു പുരുഷനെ കണ്ടുമുട്ടിയാല്‍ സ്ഥിതി എന്തായിരിക്കും?
അങ്ങനെ അവളും എന്തുവന്നാലും അവളെ പ്രാപിക്കുമെന്നു വീമ്പുപറയുന്ന നായകനും മദനപരവശരായി സരസസല്ലാപത്തില്‍ മുഴുകിക്കൊണ്ടിരിക്കെ ആരോ വാതിലില്‍ തട്ടുന്ന ശബ്ദം കേട്ടു.

'അയ്യോ, എന്റെ ഭര്‍ത്താവ് എത്തിക്കഴിഞ്ഞു.' സ്ത്രീ ചാടിയെഴുന്നേറ്റു. കാമുകനാകട്ടെ പേടിച്ചുവിറയ്ക്കുകയായിരുന്നു. കൗശലക്കാരിയായ സ്ത്രീ പെട്ടെന്ന് അയാളെ ഒരു വലിയ അലമാറയ്ക്കുള്ളിലാക്കി വാതിലടച്ച് ഉമ്മറവാതില്‍ തുറന്നു.
അയാള്‍ അകത്തു കടന്നപ്പോള്‍ സല്ക്കാരമുറിയില്‍ ഒരുക്കി വെച്ച വിഭവങ്ങള്‍ കണ്ടു. അയാള്‍ അത്ഭുതത്തോടെ ചോദിച്ചു:
'ഇതെല്ലാം എന്താണ്?'
'എന്താണെന്ന് കാണുന്നില്ലേ?'
'ഉണ്ട്. പക്ഷേ, ആര്‍ക്കുവേണ്ടിയാണ് ഇതെല്ലാം ഒരുക്കിയിട്ടുള്ളത്?'
'ഞാന്‍ ഇവിടെ ക്ഷണിച്ചുവരുത്തിയ എന്റെ കാമുകനുവേണ്ടി.'
'എന്നിട്ട്, അവനെവിടെ?'
'ഇതാ ഈ അലമാറയ്ക്കുള്ളില്‍ ഒളിപ്പിച്ച് വെച്ചിട്ടുണ്ട്.'
കുപിതനായ ഭര്‍ത്താവ് അലമാറയുടെ അടുത്തുചെന്നു. അത് പൂട്ടിയിരുന്നു.
'എവിടെ ഇതിന്റെ താക്കോല്‍?'
'ഇതാ.' അവള്‍ താക്കോല്‍ അയാളുടെ നേര്‍ക്ക് എറിഞ്ഞുകൊടുത്തു.
അയാള്‍ താക്കോലെടുത്ത് അലമാറ തുറക്കാന്‍ ഭാവിച്ചപ്പോള്‍ അവള്‍ പൊട്ടിച്ചിരിച്ചു.
'നീയെന്താണ് ചിരിക്കുന്നത്?'
'നിങ്ങളുടെ മണ്ടത്തരവും ആലോചനക്കുറവുമോര്‍ത്തപ്പോള്‍ ചിരിച്ചുപോയതാണേ.' അവള്‍ പറഞ്ഞു:
നിങ്ങള്‍ക്ക് ഇത്ര ബുദ്ധിയില്ലാതായല്ലോ! എനിക്ക് യഥാര്‍ഥത്തില്‍ ഒരു കാമുകനുണ്ടായിരിക്കുകയും ഞാനയാളെ ഈ അലമാറയില്‍ ഒളിപ്പിച്ചു വെക്കുകയും ചെയ്തിരുന്നുവെങ്കില്‍ അയാളതിനകത്തുണ്ടെന്ന് നിങ്ങളോടു പറയുമെന്ന് കരുതുന്നുണ്ടോ? ഒരിക്കലും അങ്ങനെയുണ്ടാവാന്‍ വഴിയില്ല. നിങ്ങള്‍ യാത്ര കഴിഞ്ഞ് മടങ്ങിവരുമ്പോള്‍ ഒരു നല്ല വിരുന്ന് തരാമെന്നേ ഞാന്‍ കരുതിയിരുന്നുള്ളൂ. കൂട്ടത്തില്‍ നേരംപോക്കിനുവേണ്ടി കാമുകന്റെ കാര്യം പറഞ്ഞെന്നുമാത്രം. എനിക്കൊരു കാമുകനുണ്ടായിരുന്നുവെങ്കില്‍ നിങ്ങളെ ഇതുപോലെ വിശ്വസ്തതയോടെ സ്‌നേഹിക്കുമെന്നു കരുതുന്നുണ്ടോ?'

അതുകേട്ട് ഭര്‍ത്താവ് ഒരു നിമിഷം ചിന്തിച്ചു നിന്നശേഷം തീന്‍മേശയുടെ അടുത്തേക്കു വന്നു.
'വാസ്തവം. ഞാന്‍ ഒരു വിഡ്ഢിത്തം കാണിച്ചു.' അയാള്‍ പറഞ്ഞു: 'എനിക്ക് നിന്റെ സ്‌നേഹത്തില്‍ യാതൊരു സംശയവുമില്ല.'
പിന്നീടവര്‍ രണ്ടുപേരും സുഖമായി ഭക്ഷണം കഴിക്കുകയും കുടിക്കുകയും ചെയ്തു.
ഭര്‍ത്താവ് പുറത്തു പോകുന്നതുവരെ സാധു കാമുകന്‍ അലമാറയ്ക്കുള്ളിലിരുന്നു. സ്ത്രീ അലമാറയുടെ വാതില്‍ തുറന്നപ്പോള്‍ അയാള്‍ ക്ഷീണിച്ച് അവശനായിരുന്നു. അയാള്‍ ഒരു വലിയ അപകടത്തില്‍നിന്ന് രക്ഷപ്പെട്ടു.

'നിങ്ങള്‍ സ്ത്രീകളുടെ തന്ത്രങ്ങള്‍ മുഴുവന്‍ പഠിച്ച ആളാണെന്ന് വീമ്പു പറയാറുണ്ടല്ലോ. എന്നാല്‍ എന്റെ തന്ത്രത്തോടു കിടപിടിക്കുന്ന തന്ത്രമുണ്ടോ?'
'ഇല്ല സമ്മതിച്ചു,' കാമുകന്‍ പറഞ്ഞു: 'തന്ത്രത്തില്‍ നിങ്ങളെ ജയിക്കാന്‍ കഴിയില്ല.'
കണ്ടോ പെണ്ണിന്റെ തന്ത്രം.
പെണ്ണൊരുമ്പെട്ടാല്‍, കഴിയാത്തതെന്തുണ്ട് ?

No comments: