widgeo.net

Sunday, October 7, 2012

ഞാനും കണ്ടു എന്റെ സുഹൃത്തിനെ (നര്‍മ്മം).

എനിക്കും ഉണ്ട് സൌഹൃദം ഞാനും ഒരു സുഹൃത്താണ് . അപ്പോള്‍ സൗഹൃദം എന്താണ് എന്നറിയണമെങ്കില്‍ ആദ്യം നമ്മുടെ സുഹൃത്തിനെ(കൂട്ടുകാരനെ/കാരിയെ) അറിയണം അല്ലയോ ? അത് അറിയണമെങ്കില്‍ അവന്റെ/ളുടെ മനസിന്റെ അന്തര്‍ധാരകളിലോട്ട് അതായത് ഒരു കിണര്‍ വെട്ടിക്കുഴിക്കുന്നത് പോലെ പിക്കാസും ചട്ടിയും എടുത്ത് കുഴിച്ച് നമ്മള്‍ നൂഴ്ന്നിറങ്ങിച്ചെല്ലണം.അപ്പോള്‍ അങ്ങിനെ ഇറങ്ങിച്ചെല്ലുംമ്പോൾ കണ്ണിനു കുളിരേകുന്ന പലപല കാഴ്ച്ചകള്‍ നമുക്ക് കാണാന്‍ കഴിയും. ചില കിണറുകളുടെ അടിത്തട്ട് വേഗം കാണാനും അവിടെ നല്ല തെളിഞ്ഞ ശുദ്ധമായ കുടിനീര് ലഭിക്കുന്നതുമാണ് . എന്നാല്‍ ചില കിണറുകള്‍ എത്ര കുഴിച്ചാലും അടിത്തട്ടു കാണില്ല ഒരിറ്റുവെള്ളം കിട്ടുകയുമില്ല അപ്പോള്‍ മുകളില്‍ നിന്നും മണ്ണ് ഇടിഞ്ഞു വീഴാന്‍ സാധ്യത ഉള്ളതിനാല്‍ പെട്ടന്ന് തന്നെ നമ്മുടെ കുഴിക്കല്‍ നിര്‍ത്തി കരക്ക്‌ കേറേണ്ടതുമാണ്.പിന്നെ ചില കിണറുകളില്‍ വെള്ളം ഒക്കെ വളരെ പെട്ടന്ന് കിട്ടും പക്ഷെ അത് കുടിവെള്ളത്തിന് അനുയോജ്യമല്ലാത്ത വെറും കലക്കവെള്ളം ഉള്‍ക്കൊള്ളുന്ന ഒരു പാഴ്ക്കിണറായിരിക്കും(ഇവരിൽ ചിലർ നിയമക്കുരുക്കുകളിൽ പെട്ട് വലയുന്നു). എന്നാലും, അനന്തരഭലം എന്തുതന്നെയായാലും കുഴിച്ചു നോക്കുക എന്നുള്ളത് നമ്മുടെ ജോലി തന്നെ അത് നമ്മള്‍ തന്നെ നിര്‍ബന്ദമായും  ഭംഗിയായി ചെയ്യണം. ഇനി കിണറും തൊട്ടിയുമൊക്കെ അവിടെ നിക്കട്ടെ നമ്മുടെ സുഹൃത്തിലോട്ടു(കൂട്ടുകാർ)  വരാം .ചില കുട്ടുകാര്‍ എപ്പോഴും വലിയ തിരക്കിലാണ് അവര്‍ക്ക്  നമ്മള്‍ ട്രെയിന്റെ ടിക്കറ്റ് ബുക്ക് ചെയ്യാൻ ചെല്ലുന്നപോലെയാണ്, വെയിറ്റിംഗ് ലിസ്റ്റില്‍ ഇട്ടേക്കും ഒരിക്കലും കണ്‍ഫേം ആകില്ല,ആക്കില്ല . പിന്നെ ചില നല്ല കുട്ടുകാര്‍ നമ്മളെ സ്നേഹം കൊണ്ട് പൊതിഞ്ഞു ശ്വാസം മുട്ടിക്കുന്നു. പിന്നെ കുറച്ച് സുഹൃത്തുക്കള്‍ ഉണ്ട് മറ്റുള്ളവര്‍ക്ക് ഒരു ഉപദ്രവവും ഉണ്ടാക്കാതെ അവര്‍ അവരുടെ കാര്യം കഴിഞ്ഞേച്ചു മിണ്ടാതെ പോകുന്നവര്, അഥവാ ഇനി മിണ്ടിയാല്‍ തന്നെ സൌണ്ട് പുറത്തോട്ടു വരില്ല സ്റ്റേഷന്‍ കിട്ടാത്ത റേഡിയോ പോലെ ചെറുതായിട്ട് ഇടക്കിടക്ക് ഇങ്ങനെ  പൊട്ടീം ചീറ്റീം നില്‍ക്കും .പിന്നെ അസാമാന്യ മസിലുപിടുത്തം ഉള്ളവര്‍ അവരുടെ മനസ് തീരെ ലോലമായിരിക്കും നമ്മള്‍ കുറച്ച് എണ്ണ ഇട്ടു കൊടുത്താല്‍ നല്ല വെണ്ണ പോലെ അത് കുഴഞ്ഞു കിട്ടും . പിന്നെ കുട്ടിക്കാലത്തെ സാറ്റ് കളി ഇഷ്ടം ഉള്ളവര് പാത്തിരിക്കും പുറത്തോട്ടു വരില്ല ഒരിക്കലും. പിന്നെ ഒരു കുട്ടം നല്ല  തൊട്ടാവാടി പോലത്തെ ഹൃദയം ഉള്ളവര് അവര്‍ താന്‍ ഒറ്റപ്പെടുന്നെന്നും അതുമല്ലെങ്കില്‍ തന്നെ ഒറ്റപ്പെടുത്തുന്നു എന്ന ഒരു  പരാതിയൊക്കെ  ഫൈല്‍ ചെയ്ത് ഒരു ഏകാന്ത പതികനെപ്പോലെ അവിടവിടെ അലഞ്ഞു നടക്കും, പെട്ടന്നൊരുദിനം ഒരു മുന്നറിയിപ്പും ഇല്ലാതെ അവര്‍ കൂരിരുട്ടിന്റെ മറവിലേക്ക് അപ്രത്യക്ഷമാകുകയും ചെയ്യുന്നു, കഷ്ടം എന്നല്ലാതെ എന്ത് പറയാന്‍ .പിന്നെ അഭിമാനികള്‍ , അവരുടെ അന്തസും ആഭിജാത്യവും അവര്‍ ആരുടെ മുന്നിലും ഏതൊരു അവസരത്തിലും അടിയറവു വക്കാത്തവര്‍..,വെടിയുണ്ട ചീറിപ്പാഞ്ഞു നേര്‍ക്ക്‌ വന്നാലും  കുനിഞ്ഞു മാറാതെ നെഞ്ചും വിരിച്ചു തലയുയർത്തി നില്‍ക്കുന്നവര്‍ . ഇനി  സുഹൃത്തിനോട്  സ്നേഹ വാത്സല്യങ്ങളും ക്രിയാത്മകതയും ആവോളം മനസ്സില്‍ കാത്തു സൂക്ഷിക്കുന്നുണ്ടെങ്കിലും  സാഹചര്യങ്ങളുടെ സമ്മര്‍ദം മൂലം എന്തില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കേണ്ടി വരുന്നവര്‍ അങ്ങിനെ പോകുന്നു കാര്യങ്ങള്‍ ..........
ഒരുതുള്ളി സ്നേഹ സ്വാന്തനത്തിനായി 
ഒരുപാട് ദാഹിച്ചു മോഹിച്ചു ഞാനും 
കിട്ടിയില്ലൊട്ടുമേ കിട്ടുകയുമില്ല 
കിട്ടാക്കനിയാണോ കൂട്ടുകാരെ ...??
ഏട് : മുകളില്‍ പറഞ്ഞിരിക്കുന്ന ഏതോ ഒരു ഗണത്തില്‍ ഞാനും ഉള്‍പ്പെടുന്നുണ്ട് പക്ഷെ അത് ഏത് ഗണമാണെന്നോ എന്ത് ഗുണമാണെന്നോ എനിക്കും അറിയില്ല . പിന്നെ ഇത് എന്റെ പ്രിയസുഹൃത്തുക്കളെ ആരെയും വ്യക്തിപരമായി അവഹേളിക്കാനോ,വിലയിരുത്തലുകൾക്കോ, വേദനിപ്പിക്കുന്നതിനോ ഒന്നിനും വേണ്ടി എഴുതിയതല്ല കേട്ടോ പിന്നെ ഓരോന്ന് കാണുമ്പോള്‍ മനുഷ്യ മനസല്ലയോ....?  സദയം ക്ഷമിക്കുക......

No comments: